ഒരു സംരംഭം തുടങ്ങാൻ ഏറ്റവും ആദ്യം എന്താണ് വേണ്ടത് എന്നുചോദിച്ചാൽ പലർക്കും പല അഭിപ്രായമായിരിക്കും; മുതൽമുടക്കാൻ പണം, സംരംഭം തുടങ്ങാനുള്ള ലൈസൻസ്, രാഷ്ട്രീയ പിന്തുണ എന്നിങ്ങനെ പല ഉത്തരങ്ങൾ ഉണ്ടായേക്കാം.
വന്യം – പാര്‍ട്ട് 2
ഞാനും പ്രശാന്ത്, സുമേഷ്, രാജീവ് (സാങ്കല്‍പ്പിക പേരുകള്‍, പേരുകള്‍ മാത്രം) എന്നീ 3 സുഹൃത്തുക്കളും കാട്ടിനുള്ളില്‍ പോയപ്പോള്‍ കെട്ടുകഥകളെ വെല്ലുന്ന ഒരു സംഭവം കണ്മുന്നില് നടന്നു എന്നും, അന്ന് പ്രശാന്തിന് മറ്റൊരു ഭീകരമായ വ്യക്തിത്വം കൈവന്ന് സ്വയവും കൂടെയുള്ളവരെയും ആക്രമിക്കാന്‍ സംഭവിച്ച കാര്യങ്ങളും ഒക്കെ ഞാന്‍ എഴുതിയിരുന്നല്ലോ? അത് നിങ്ങളില്‍ പലരും വായിച്ചുകാണും. വായിക്കാത്തവര്‍ക്കായി ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു: വന്യം – പാര്‍ട്ട് 1.
ഇത് ആ പോസ്റ്റിന്റെ രണ്ടാം ഭാഗമാണ്. ഇതിനും അല്‍പ്പം നീളം കൂടുതല്‍ ഉണ്ടാകാം, പല ദിവസങ്ങളിലെ സംഭവങ്ങള്‍ പറയുന്നതുകൊണ്ടാണ് അങ്ങനെ. അന്ന് കാടിനുള്ളില്‍ ഉണ്ടായ സംഭവം ഒന്നാം ദിവസമായെടുത്താല് ഈ ആര്‍ട്ടിക്കിള്‍ തുടങ്ങുന്നത് മൂന്നാം ദിവസമാണ്.
—
*മൂന്നാം ദിവസം*
ഒന്നാം ദിവസം നടന്ന സംഭവങ്ങള്‍ പ്രശാന്തിന് ഓര്‍മയില്ലാത്തതിനാലും, കാര്യങ്ങള്‍ക്ക് ഒരു തികവ് ലഭിക്കാനും ഞങ്ങള്‍ നാലുപേരും പ്രശാന്തിന്റെ വീട്ടില്‍, അയാളുടെ മുറിയിലിരുന്ന് കാര്യങ്ങളൊക്കെ അവലോകനം ചെയ്തെങ്കിലും ഒന്നിനും ഒരെത്തുംപിടിയും കിട്ടിയില്ല.
പ്രശാന്ത്: എന്തേലും ആവട്ടെ. ശല്യം ഒഴിഞ്ഞുപോയല്ലോ.
ഞാന്‍: അതങ്ങനെ ഒഴിഞ്ഞു പോക്വോ?
രാജീവ്: പിന്നെ പോകാതെ? നമ്മള് അവിടെച്ചെന്നു, ഇതൊക്കെ സംഭവിച്ചു, നമ്മള് തിരിച്ചുവന്നു, അത് അതിന്റെ വഴിക്കും പോയി.
ഏകദേശം 30 സെക്കന്റോളം എനിക്ക് എന്തോ ഒരു അസ്വാഭാവികത തോന്നി. ഞാന്‍ ഒന്നും പറഞ്ഞില്ല. 30 സെക്കന്റ് കഴിഞ്ഞ് എനിക്ക് സംസാരിക്കേണ്ടതായി വന്നു.
ഞാന്‍: ആരും എങ്ങും പോയിട്ടില്ല. അതാരായാലും ഇവിടെ, നമ്മുടെ കൂടെ, നമുക്കിടയില്‍ത്തന്നെയുണ്ട്.
പതിയെത്തുടങ്ങി ഉച്ചത്തിലേക്കെത്തുന്ന ഒരു മുരള്‍ച്ച കേട്ടാണ് ഞങ്ങള്‍ സുമേഷിന്റെ നേര്‍ക്ക് നോക്കിയത്. സുമേഷ് ഇരുന്നയിരിപ്പില് മറ്റാരോ ആയി മാറിയിരിക്കുന്നു. മുഖഭാവവും, മാനറിസങ്ങളുമെല്ലാം മാറിക്കഴിഞ്ഞു. പ്രശാന്തും രാജീവും സ്തബ്ധരായിപ്പോയി.
സുമേഷ് (മറ്റൊരു ശബ്ദത്തില്‍; പ്രശാന്തിന്റെ വ്യക്തിത്വം ഒന്നാം ദിവസം മാറിയപ്പോള്‍ സംസാരിച്ച അതേ ശബ്ദം): ഞാനിവിടെ വന്നിരിക്കുന്നതില്‍ നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ?
ഞാന്‍ (ധൈര്യം കൈവിടാതെ): ഇത് കുഴപ്പത്തിന്റെ കാര്യമല്ലല്ലോ. എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.
സുമേഷ്: നിന്നെയൊന്നും മനസ്സിലാക്കിത്തരേണ്ട കാര്യം എനിക്കില്ല. ഇവനെ എനിക്ക് വേണം.
ഞാന്‍: ആരെ?
സുമേഷ്: ഇവനെത്തന്നെ. ഇവനെ ഞാന്‍ കൊണ്ടുപോകും. (ആരെ എന്ന് വ്യക്തമായില്ല)
ഞാന്‍: അങ്ങനെ തോന്നുമ്പോള്‍ കൊണ്ടുപോകാന്‍ ആരും ആരുടേയും വകയൊന്നുമല്ലല്ലോ?
അത് ഒരുപക്ഷേ ആ വ്യക്തിത്വത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നിരിക്കണം. സുമേഷ് അലറിക്കൊണ്ട് ചുവരില്‍ കൈ മുറുക്കി ആഞ്ഞിടിച്ചു. ആ പ്രതികരണത്തില്‍ ഞാനും അല്‍പ്പം പേടിച്ചുപോയി.
സുമേഷ്: നിനക്ക് കാണണോ ഞാനിവനെ കൊണ്ട് പോകുന്നത്? കാണണോ?
ഞാന്‍: വേണ്ട. ഞാന്‍ വെറുതേ പറഞ്ഞെന്നേയുള്ളൂ. (എന്റെ ശബ്ദമിടറി)
സുമേഷ്: നീ കണ്ടോ. ഇവനെ ഞാനങ്ങ് കൊണ്ടുപോകും. എനിക്കിവനെ വേണം.
എന്നുപറഞ്ഞ് സുമേഷ് ബോധരഹിതനായി വീണു. ഏകദേശം 5 മിനിട്ട് പൂര്‍ണ്ണ നിശബ്ദമായിരുന്നു. ശേഷം സുമേഷ് സുമേഷായിത്തന്നെ ഉണര്‍ന്നു.
*കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം*
അന്ന് പ്രശാന്തിന് ഒരു ഫോണ്‍ കോള്‍ വന്നു. ആ കോള്‍ സുമേഷ് ജോലിചെയ്യുന്ന സ്ഥലത്തുനിന്നായിരുന്നു. അയാള്‍ പറഞ്ഞത് സുമേഷ് ആരുമായോ വാക്കുതര്ക്കത്തില്പ്പെട്ട് തല്ലുണ്ടാക്കി അയാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുന്നു എന്നും സുമേഷിനെ പോലീസ് പിടിച്ചു എന്നുമാണ്. ഞങ്ങള്‍ക്ക് ദൂരെയുള്ള സുമേഷിന്റെ ജോലിസ്ഥലത്ത് എത്താനാവാത്തതിനാല്‍ അവന്റെ തിരുവനന്തപുരം ഓഫീസിലെ യൂണിയനിലെ ഒരാളെ പോയിക്കാണുകയും ആശുപത്രിയില്‍ കിടക്കുന്നയാള്‍ക്ക് ചിലവും, നഷ്ടപരിഹാരവും ഒക്കെ നല്‍കാം എന്നുപറഞ്ഞ് തീര്പ്പുണ്ടാകി സുമേഷിനെ തിരികെ നാട്ടിലെത്തിച്ചു.
ഞങ്ങള്‍ സുമേഷിനെ നന്നായി ചോദ്യം ചെയ്തു. അപ്പോള്‍ സുമേഷ് പറഞ്ഞത് അവന് ഒന്നും ഓര്‍മയില്ല എന്നാണ്. എത്ര ചോദിച്ചിട്ടും എന്താണ് സംഭവിച്ചതെന്ന് സുമേഷിന് ഓര്‍മ്മയുണ്ടായിരുന്നില്ല.
*അടുത്തയാഴ്ച്ചയിലെ ഒരു ദിവസം*
കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ പ്രശാന്തിന്റെ കുടുംബം അവരുടെ കുടുംബക്ഷേത്രത്തില്‍ ഒരു പൂജ ചെയ്യാന്‍ തീരുമാനിച്ചു. ആ പൂജയില്വച്ച് പ്രശാന്ത് വീണ്ടും ആക്രമണകാരിയാകുകയും പ്രശാന്തിന്റെ കുടുംബക്ഷേത്രത്തില്‍ പൂജയ്ക്കുവന്ന ഒരു പരികര്‍മ്മിയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ അവര്‍ എങ്ങിനെയൊക്കെയോ പൂജ പൂര്‍ത്തിയാക്കുകയും ശേഷം പ്രശാന്ത് മോഹാലസ്യപ്പെട്ട് വീഴുകയും ചെയ്തു. ആ പൂജയില്‍ സുമേഷും രാജീവും പങ്കെടുത്തിരുന്നു, പക്ഷേ ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ പൂജയില്‍ പങ്കെടുക്കുകയോ ക്ഷേത്രത്തില്‍ ഉണ്ടാവുകയോ ചെയ്തിരുന്നില്ല. ഇതെല്ലാം പ്രശാന്തിന്റെ വീട്ടുകാരും, ബന്ധുക്കളും, സുമേഷും, രാജീവും എന്നോട് പറഞ്ഞ കാര്യങ്ങളാണ്.
*മറ്റൊരു ദിവസം*
ഞാന്‍: പൂജയുടെ ദിവസം കാട്ടിക്കൂട്ടിയതൊക്കെ ഓര്‍മ്മയുണ്ടോ?
പ്രശാന്ത്: പൂജ തുടങ്ങുന്നതിനുമുന്പ് ഞാന്‍ ആരെയോ കണ്ടു.
ഞാന്‍: ആരെ?
പ്രശാന്ത്: അറിയില്ല, ഒരു നിഴല്‍ പോലെ. ക്ഷേത്രത്തിന് പുറത്ത് നിന്ന് അയാള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. അയാള്‍ അവിടെനിന്നും പോയതിനുശേഷം എനിക്കൊന്നും ഓര്‍മ്മയില്ല.
ഞാന്‍: പുരുഷനോ, സ്ത്രീയോ?
പ്രശാന്ത്: അറിയില്ല. ദൂരെനിന്നാണ് കണ്ടത്. ഇത് ഞാന്‍ അമ്മാവനോടും പറഞ്ഞു. അമ്മാവന് പറഞ്ഞത് ഇത് മോഹിനിയുടെ വിക്രിയയാണെന്ന് പൂജാരി പറഞ്ഞതത്രേ.
ആ വിഷയത്തിലുള്ള ഞങ്ങളുടെ സംസാരവും പ്രശ്നങ്ങളും എന്തായാലും അവിടെ അവസാനിച്ചു. അതിനുശേഷം ഇതുവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പ്രശാന്തിനോ, സുമേഷിനോ, അക്കൂട്ടത്തില്‍ മറ്റാര്‍ക്കുമോ ഉണ്ടായിട്ടില്ല. സത്യവും, മിത്തും, വിശ്വാസവും ഒക്കെ ഇഴചേര്‍ന്നുകിടക്കുന്ന ഈ സംഭവം എന്റെ മുന്നില്‍ ഇന്നും ഒരു ചുരുളഴിയാത്ത രഹസ്യമായി നിലകൊള്ളുന്നു.
This Post Has 0 Comments