skip to Main Content

വന്യം – പാര്‍ട്ട് 1

കെട്ടുകഥകളെ വെല്ലുന്ന ഒരു സംഭവം കണ്മുന്നില്‍ നടന്നതാണ് ഇത്. അല്‍പ്പം നീളം കൂടുതല്‍ ഉണ്ടാകാം, ഡീറ്റയിലിംഗ് ആവശ്യമായി വന്നതിനാലാണ് അങ്ങനെ. വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും പറയൂ. സത്യമറിയുവാന്‍ എനിക്കും ആഗ്രഹമുണ്ട്.

ആദ്യമേ തന്നെ 3 വ്യക്തികളെ പരിചയപ്പെടുത്താം. പ്രശാന്ത്‌, സുമേഷ്, രാജീവ് (സാങ്കല്‍പ്പിക പേരുകള്‍, പേരുകള്‍ മാത്രം) എന്നിവരാണ് അവര്‍; ഒപ്പം ഞാനുമുണ്ട്. പ്രശാന്തിന്റെ കുടുംബ സുഹൃത്തുക്കളാണ് ജ്യേഷ്ഠനുജന്‍മാരായ സുമേഷും രാജീവും. വര്‍ഷം 2015, സുമേഷിന്റെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിക്കാന്‍ ഞങ്ങള്‍ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. പച്ചപ്പും ഹരിതാഭയും പണ്ടേ കമ്പമായിരുന്നതിനാല്‍ ഞങ്ങളുടെ ജില്ലയിലെ തന്നെ ഒരു വനത്തിലേക്ക് ഞങ്ങള്‍ യാത്രപോകാന്‍ തീരുമാനിച്ചു (ടൂറിസം നിലനിര്‍ത്തേണ്ടത് ആവശ്യമായതിനാല്‍ വനത്തിന്റെ പേര് പറയുന്നില്ല). ഞങ്ങള്‍ ഇതിനുമുന്‍പും പലതവണ പോയിട്ടുള്ള ഒരു മനോഹരമായ വനപ്രദേശമാണ് അത്. കാര്‍ ചെല്ലുന്ന അവസാന പോയിന്റില്‍ പ്രശാന്തിന്റെ കാര്‍ നിര്‍ത്തി ഞങ്ങള്‍ വനത്തിനുള്ളിലേക്ക് നടന്നു. അതിന് മുന്‍പുതന്നെ ചെക്ക്പോസ്റ്റില്‍ നിന്ന് ഞങ്ങളുടെ കൈവശം മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഇല്ല എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.

മനോഹരമായ കാട്ടിനുള്ളിലൂടെ രണ്ടര കിലോമീറ്റര്‍ നടന്ന് കാടും മലയും താണ്ടി വേണം അവസാന വെള്ളച്ചാട്ടത്തില്‍ എത്താന്‍. കയ്യില്‍ ഭക്ഷണവും, വെള്ളച്ചാട്ടത്തില്‍ കുളിക്കാനുള്ള വസ്ത്രങ്ങളുമായി ഞങ്ങള്‍ വനത്തിനകത്തേക്ക് നടന്നു. ഏകദേശം ഒന്നര കിലോമീറ്റര്‍ നടന്നുകാണും, ഞങ്ങള്‍ ആകെ തളര്‍ന്നു. സാധാരണ ഏത് കാടും മലയും കയറിപ്പോകുന്ന ഞങ്ങള്‍ക്ക് അപരിചിതമായ ഒരു ക്ഷീണം അന്നുണ്ടായി. പക്ഷേ കാലാവസ്ഥയുടെ ആയിരിക്കാം എന്ന് ഞങ്ങള്‍ക്ക് തോന്നി. എപ്പോഴും ഏറ്റവും ഒടുവിലെ വലിയ വെള്ളച്ചാട്ടത്തില്‍ ചെന്നേ കുളിക്കാറുള്ളൂ എങ്കിലും അത്തവണ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ത്തന്നെ അവിടെക്കണ്ട ഒരു ചെറിയ വെള്ളച്ചാട്ടം കൊണ്ട് അട്ജസ്റ്റ് ചെയ്യാം എന്ന് തീരുമാനിച്ചു.

അവിടെക്കണ്ട ഒരു വലിയ പാറയില്‍ ബാഗും അനുബന്ധ വസ്തുക്കളും ഒക്കെ വച്ച് ഞങ്ങള്‍ കുളിക്കാന്‍ പോയി. വെള്ളച്ചാട്ടത്തില്‍ മതിയാവോളം കുളിച്ച്, തിരികെവന്ന് ഭക്ഷണവും കഴിച്ചു. ഭക്ഷണം എന്നാല്‍ ബിരിയാണി, പൊറോട്ട, ചിക്കന്‍ എന്നിവയൊക്കെ തന്നെ. ശേഷം വസ്ത്രമൊക്കെ മാറി തിരികെവരാന്‍ നേരമാണ് കഥ മാറിയത്. കാലാവസ്ഥ പെട്ടെന്ന് മാറി പെരുമഴയായി. ഞങ്ങള്‍ 4 പേരും ഒരു വലിയ പാറയ്ക്കടിയില്‍ കയറിനിന്നു. ഏകദേശം അര മണിക്കൂറില്‍ മഴ തീര്‍ന്ന് ഞങ്ങള്‍ പുറത്തേക്കിറങ്ങി. പക്ഷേ പ്രശാന്ത് ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. അയാള്‍ എന്തോ കണ്ട് പേടിച്ചതുപോലെ. ഞങ്ങള്‍ വിളിക്കുംതോറും ആള്‍ കൂടുതല്‍ ഭയപ്പെട്ടു. ഒടുവില്‍ ബലം പ്രയോഗിച്ച് വലിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ചതും അയാള്‍ തറയില്‍ കിടന്ന് വാശി പിടിച്ച കുട്ടികളെപ്പോലെ ഇഴയാന്‍ തുടങ്ങി. ഒടുവില്‍ ഞങ്ങളുടെ ശ്രമം അതിരുകടന്നപ്പോള്‍ അയാള്‍ ഉരുണ്ട് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്ന കൈവഴിയിലേക്ക് ചാടി. അവിടെ വീണാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ച് സെക്കന്റുകള്‍ക്കുള്ളില്‍ ആള്‍ വളരെ താഴെയുള്ള പാറയില്‍ ചെന്ന് വീഴും. ഭാഗ്യത്തിന് എനിക്ക് ആളുടെ കഴുത്തില്‍ പിടി കിട്ടി. അതിനാല്‍ ശരീരം മുഴുവന്‍ വെള്ളത്തിലാണെങ്കിലും കഴുത്ത് പൊക്കിപ്പിടിച്ച് പ്രശാന്തിന് ശ്വാസം കൊടുക്കാന്‍ എനിക്ക് സാധിച്ചു. സുമേഷും രാജീവും കൂടി ഷര്‍ട്ടിലും ജീന്‍സിലും ഒക്കെ പിടിച്ച് 95 കിലോ ഭാരമുള്ള അയാളെ വെള്ളത്തില്‍ നിന്ന് മുകളില്‍ കയറ്റി.

ഞങ്ങള്‍ ആകെ തളര്‍ന്നിരുന്നു. എന്നിരുന്നാലും ഞങ്ങള്‍ എങ്ങനെയൊക്കെയോ പ്രശാന്തിനെയും കൊണ്ട് കാട്ടിലെ നടവഴിയില്‍ എത്തി. പിന്നീടുണ്ടായ കാര്യങ്ങള്‍ ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. പ്രശാന്ത് ഓരോ നിമിഷവും മറ്റൊരാളായി മാറുകയായിരുന്നു. പതിനഞ്ച് മിനിട്ട് അയാള്‍ മാറ്റാരോ ആകും, ദേഷ്യത്തില്‍ കടുത്ത ശബ്ദത്തില്‍ (അന്ന്യന്‍ സിനിമയിലെ അന്ന്യനെപ്പോലെ) ഭീഷണിപ്പെടുത്തും, ആക്രമിക്കാന്‍ ശ്രമിക്കും. ശേഷം കുറച്ചുസമയം അയാള്‍ സാധാരണ പോലെയാകും. അപ്പോള്‍ പുറകിലേക്ക് ചൂണ്ടിയിട്ട് “എന്നെ വിളിക്കുന്നു, എനിക്ക് പോണം, എന്നെ വിട്ടിട്ട് നിങ്ങള്‍ പൊക്കോ, ഞാന്‍ വരുന്നില്ല” എന്നൊക്കെ കേണപേക്ഷിക്കുന്നുണ്ടായിരുന്നു. ഭീകര വ്യക്തിത്വത്തില്‍ നിന്നും സാധാരണ മനുഷ്യനാകുന്ന ആ നിമിഷത്തില്‍ അയാള്‍ സ്വയം തറയില്‍ വീഴുകയും, കാട്ടിലെ മരങ്ങളിലും പാറകളിലും മറ്റും ചെന്ന് ശക്തിയായി ഇടിക്കുക്കയും ഒക്കെ ചെയ്തിരുന്നു. ശരീരത്തിലൂടെ രക്തം വാര്‍ന്നൊലിക്കുന്നത് ഞാനാണ് കാട്ടരുവിയിലെ വെള്ളം കൊണ്ട് കഴുകിയത്. മാത്രമല്ല, ഒരുതവണ വ്യക്തിത്വം ഭീകരമായി മാറിയപ്പോള്‍ പ്രശാന്ത് അതിമാനുഷികശക്തിയില്‍ സുമേഷിനെയും രാജീവിനെയും കഴുത്തിന്‌ പിടിച്ച് പൊക്കിയെടുത്ത് ദൂരേയ്ക്കെറിഞ്ഞു. പക്ഷേ എന്നോട് ഒരു തവണ പോലും  ഭീകരമായി പെരുമാറിയില്ല; മാത്രമല്ല, ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. ആ വ്യക്തിത്വം ആരാണ് എന്താണ് എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നില്ലെങ്കിലും “അവനെ വിടില്ല, അവനെ വേണം, എന്തുവന്നാലും കൊണ്ടുപോകും” എന്നൊക്കെ സുമേഷിനെ ചൂണ്ടി പറയുന്നുണ്ടായിരുന്നു.

സുമേഷിനോട് ഞങ്ങളുടെ കാഴ്ചയില്‍പ്പെടാതെ മുന്നേ നടക്കാന്‍ പറഞ്ഞിട്ട് ഞങ്ങള്‍ പ്രശാന്തിനെയും കൊണ്ട് നടന്നു. സുമേഷ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഒരല്‍പം ആശ്വാസമുണ്ടായി. പിന്നെ ഇടയ്ക്കിടെ പ്രശാന്ത് ആ മറ്റൊരാളാകുമ്പോള്‍ പ്രശാന്തിന്റെ  കുടുംബത്തെക്കുറിച്ചും, ഉത്തരവാദിത്തങ്ങളെക്കുറിച്ചും, അയാള്‍ സുരക്ഷിതനായി വീട്ടിലെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒക്കെ ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ ആ വ്യക്തിത്വം ഞങ്ങളുടെ സൌഹൃദത്തെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചിരുന്നു, ഞാന്‍ മറുപടിയും പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ ആ ഒന്നര കിലോമീറ്റര്‍ താണ്ടി ഞങ്ങളുടെ കാറിനടുത്തെത്തി. അവിടെ നിന്ന സുമേഷിനെ കണ്ടതും പ്രശാന്ത് അവന്റെ നേര്‍ക്ക് ഓടിയടുത്തു. ആ സമയംകൊണ്ട് ഞങ്ങളെല്ലാവരും ചേര്‍ന്ന് പ്രശാന്തിനെ എങ്ങനെയൊക്കെയോ പിടിച്ച്  കാറിനുള്ളില്‍ കയറ്റി; സുമേഷ് എന്നോടൊപ്പം മുന്നിലാണ് കയറിയത്. ഞാന്‍ കാര്‍ മുന്നോട്ടെടുത്തു. അര കിലോമീറ്റര്‍ കഴിഞ്ഞുകാണും, പ്രശാന്ത് നന്നായി ഉറങ്ങി. പേടി മാറാതെ അവരെ വീട്ടില്‍ വിട്ട് പ്രശാന്തിന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്തിട്ട് ഞാന്‍ വീട്ടില്‍പ്പോയി.

പിറ്റേന്ന് ഞാന്‍ അവരെ കാണുമ്പോള്‍ എല്ലാവരും ഭീതിദമായ അവസ്ഥയിലാണ്. പ്രശാന്തിനോട് അവര്‍ എല്ലാം രാവിലേ തന്നെ പറഞ്ഞു, പക്ഷേ അയാള്‍ക്ക് അതൊന്നും ഓര്‍മ്മയില്ല. പ്രശാന്തിന്റെ ശരീരത്തില്‍ തലേന്ന് ഞാന്‍ കണ്ട മുറിവുകളോ, അതിന്റെ പാടുകളോ ഒന്നുമില്ല.  തലേന്ന് പിടിവലി നടത്തിയ എനിക്കും സുമേഷിനും രാജീവിനും കലശലായ ശരീര വേദനയും ക്ഷീണവും ഉണ്ടായിരുന്നു, പക്ഷേ പ്രശാന്തിന് ഒരു ചെറിയ ക്ഷീണം പോലുമില്ല. സത്യത്തില്‍ മഴപെയ്തതിനുശേഷമുള്ള ഒന്നും പ്രശാന്തിന് ഓര്‍മ്മയില്ല.

വര്‍ഷങ്ങളായി എനിക്കറിയാവുന്ന, മാനസികമായി ഒരു പ്രശ്നവുമില്ലാത്ത ഒരു ചെരുപ്പകാരനാണ് പ്രശാന്ത്. പണ്ട് അമ്മയുടെ തറവാട്ടില്‍ പൂജയും, മന്ത്രവാദവും അത്തരം ചില്ലറ പരിപാടികളും ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഭൂത-പ്രേതങ്ങളുമായി അയാള്‍ക്ക് നേരിട്ട് ബന്ധവുമില്ല. കുടുംബ ക്ഷേത്രത്തിലെ അതിനുശേഷം നടന്ന പൂജകളില്‍ ഇത് “മോഹിനി” എന്ന ആരോ ആണെന്നും, പുരുഷന്മാരെ ആകര്‍ഷിച്ച് വകവരുത്തുന്നതില്‍ കേമിയാണെന്നും തെളിഞ്ഞുവത്രേ. അന്ധവിശ്വാസങ്ങളില്‍ എനിക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ടും, ഇതില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട എന്തോ ഒന്ന് ഉണ്ടെന്ന് തോന്നിയതിനാലും ഈ സംഭവം ഇന്നും എന്നെ വേട്ടയാടുന്ന, ചിന്തിപ്പിക്കുന്ന, ഒരു ചുരുളഴിയാത്ത രഹസ്യമായി നിലകൊള്ളുന്നു.

 

This Post Has 0 Comments

Leave a Reply

Your email address will not be published. Required fields are marked *

Back To Top