skip to Main Content

ഒരു ഓജോ ബോര്‍ഡ് അപാരത  – കഥയല്ല, തള്ളല്ല, സത്യം മാത്രം

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്നൊരു ഞായറാഴ്ച ഞങ്ങള്‍ അമ്മായിയുടെ വീട്ടില്‍പ്പോയിരുന്നു. അവിടെ എന്നെക്കാളും 2 വയസ്സ് മൂത്തതും, 2 വയസ്സ് ഇളയതുമായ രണ്ട് കസിന്‍സ് ഉണ്ട്. ഞാന്‍ അവന്മാരോട് വല്യ കൂട്ടാണ്. ഉച്ചതിരിഞ്ഞ് ഭക്ഷണം ഒകെ കഴിച്ച്, വീഡിയോ ഗെയിമും കളിച്ച് മടുത്തപ്പോള്‍ ഒരു ആലോചന. എന്തെങ്കിലും വറൈറ്റിയായിട്ട് ചെയ്താലോ എന്ന്. പക്ഷേ എന്ത് ചെയ്യും? തല്ലുകൊള്ളുന്ന പരിപാടിയൊന്നും വേണ്ട എന്നതിനാല്‍ കുറേ ആലോചിച്ച് ഒടുവില്‍ അതങ്ങ് ചെയ്യാം എന്ന് തീരുമാനിച്ചു; ഓജോ ബോര്‍ഡ്.

എനിക്ക് കേട്ടറിവ് പോലുമില്ല ഓജോ ബോര്‍ഡിനെക്കുറിച്ച്. പക്ഷേ ചേട്ടനും അനിയനും നിര്‍ബന്ധിച്ചപ്പോള്‍ ഞാനും കൂടി. ഹൊററും ത്രില്ലറും പണ്ടേ എനിക്കൊരു വീക്ക്നസ്സ് ആയിരുന്നിരിക്കണം. ഓജോ ബോര്‍ഡ് കാണാന്‍ എങ്ങനെയുണ്ടെന്നോ, എങ്ങനെ ചെയ്യണമെന്നോ ഉള്ള ബേസിക് അറിവ് പോലും ഞങ്ങള്‍ക്കില്ല. ചേട്ടന്‍ കേട്ടറിഞ്ഞ എന്തോ ഒരി അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ; അതിനെ അറിവെന്നുപോലും വിളിക്കാമോ എന്നറിയില്ല. അങ്ങനെ ഞങ്ങള്‍ ഒരു വെള്ളപേപ്പറില്‍ സൂര്യനെപ്പോലെ ഒരു പടം വരച്ചു; നടുക്കൊരു വൃത്തവും, ചുറ്റും 26 ആരക്കാലുകലുമായി. മുകളിലായി YES, NO എന്നും എഴുതിയിരുന്നു.

ഞങ്ങള്‍ മൂന്നുപേരും മുകളിലെ നിലയിലേക്കുള്ള പടിയില്‍ ഇരുന്നു; നടുവില്‍ ചേട്ടനും, രണ്ടുവശത്തായി ഞാനും അനിയനും. എങ്ങനെയാണ് ചിട്ടവട്ടങ്ങള്‍ എന്നറിയാതെ വൃത്തത്തില്‍ ഒരു നാണയം വച്ചു. പ്രേതത്തെ വിളിക്കുമ്പോള്‍ നാണയം അനങ്ങും എന്ന് പറഞ്ഞതിനാലും, ചേട്ടന്‍ അടിയിലൂടെ കാന്തം (മാഗ്നറ്റ്) ഉപയോഗിച്ച് നാണയം അനക്കിയാലോ എന്നും കരുതി ഞങ്ങള്‍ രണ്ടുപേരും രണ്ടുകയ്യും കൊണ്ട് ചേട്ടന്റെ രണ്ട് കൈകളെയും ചേര്‍ത്ത് പിടിച്ചിരുന്നു.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ കുട്ടിച്ചാത്തന് മദ്യം ഇഷ്ടമായതുകൊണ്ട് അതുതന്നെ ഞങ്ങളും ചോദിക്കാനുറച്ചു. “Spirit, please come. Do you want spirit?” – ഞങ്ങള്‍ ചോദിച്ചുതുടങ്ങി. സ്പിരിറ്റായ ആത്മാവിനെയാണ് വിളിക്കുന്നത്‌, സ്പിരിറ്റ്‌ കൊണ്ടാണ് മദ്യം ഉണ്ടാക്കുന്നത് എന്നൊക്കെ മാത്രമേ ഞങ്ങള്‍ക്ക് അറിയാമായിരുന്നുള്ളൂ. ശരിക്കും ഓജോ ബോര്‍ഡ് ചെയ്യുമ്പോള്‍ നടുക്ക് വയ്ക്കുന്ന വസ്തുവില്‍ കയ്യോ വിരലോ വയ്ക്കാറുണ്ടെങ്കിലും അതൊന്നും അറിയാത്തതിനാല്‍ കൈതൊടാതെ ഞങ്ങള്‍ ഏതാണ്ട് 5 മിനിട്ടോളം ഇത് തുടര്‍ന്നു.

പ്രത്യേകിച്ച് ഒന്നും നടക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് അപ്പോഴേക്കും മടുത്തിരുന്നു. മടുപ്പിനും അധികനേരം ആയുസ്സുണ്ടായില്ല. ആ നാണയം ആരും കൈതൊടാതെ വളരെ നേര്‍മയോടെ നീങ്ങി YES എന്നെഴുതിയതില്‍ പോയിരുന്നു. ഒരു നിമിഷം ഒന്നും പിടികിട്ടിയില്ല, പക്ഷേ ഒന്നോര്‍ത്തപ്പോള്‍ മനസ്സിലായി; സ്പിരിറ്റിന് സ്പിരിറ്റ്‌ വേണം എന്നുതന്നെയാണ് പറഞ്ഞത്. പിന്നൊന്നും ഓര്‍ക്കാന്‍ നിന്നില്ല. പേപ്പറും നാണയവും ഒക്കെ തട്ടിയെറിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു ഞങ്ങള്‍ മൂന്നുപേരും.

ഇങ്ങനെ ചെയ്തതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ, കൈതൊടാതെ നാണയം കൃത്യ സ്ഥാനത്ത് എങ്ങനെ എത്തി, കൈതൊട്ട് ചെയ്യുന്ന ഓജോ ബോര്‍ഡ് കൈതൊടാതെ എങ്ങനെ സാധ്യമായി എന്നൊക്കെ എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അറിവില്ലാത്ത സമയത്തായിരുന്നു ഇതൊക്കെ നടന്നതെങ്കിലും ഒരു ചുരുളഴിയാത്ത രഹസ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി തന്നെയായിരുന്നു അത്.

This Post Has 0 Comments

Leave a Reply

Your email address will not be published. Required fields are marked *

Back To Top